പാലാ: അത്യാധുനിക കാന്‍സര്‍ ചികിത്സാകേന്ദ്രമായ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നൂതനസംവിധാനങ്ങളോടെ ആരംഭിക്കുന്ന റേഡിയേഷന് ഓങ്കോളജി തെറാപ്പി യൂണിറ്റിന്റെ ആശീര്‍വാദവും ലോഞ്ചിംഗും ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടത്തും.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദവും സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിക്കും. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, റേഡിയേഷന് ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റും കോഓര്‍ഡിനേറ്ററുമായ ഡോ.സോണ്‍സ് പോള്‍ എന്നിവര്‍ പ്രസംഗിക്കും.
ആറ്റം ഐസി എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യകളോടെയുള്ള റേഡിയേഷന് ചികിത്സയാണ് മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ലഭ്യമാകുന്നത്.
നൂതനമായ വിദേശനിര്‍മിത ലീനിയര്‍ ആക്സിലറേറ്റര്‍ സംവിധാനമാണ് റേഡിയേഷന് ഓങ്കോളജി വിഭാഗത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇലക്ട വെര്‍സ (ഹൈ ഡെഫനിഷന്‍ ഡൈനാമിക് റേഡിയോ സര്‍ജറി) ലീനിയര്‍ ആക്സിലറേറ്ററിലൂടെ കുറഞ്ഞ സമയത്തില്‍ വേഗമേറിയ ചികിത്സ ലഭ്യമാകും എന്നതും പ്രത്യേകതയാണ്.